അടൂര്‍: ഓടുന്ന ബസില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് നഴ്‌സിന്റെ അവസരോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി. അടൂരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറായ അടൂര്‍ പഴകുളം പുലരിയില്‍ സൈന ബദറൂദ്ദീനാണ് അവസരോചിതമായി ഇടപെട്ടത്. സൈനയുടെ ഇടപെടലില്‍ ബസിലെ ഇരുപത്തിയഞ്ചോളം വരുന്ന യാത്രക്കാരുടെ ജീവന്‍ കൂടിയാണ് രക്ഷപ്പെട്ടത്.
നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേയ്ക്ക് പോകാന്‍ വെള്ളിയാഴ്ച രാവിലെ ബസില്‍ കയറിയതായിരുന്നു സൈന. ബസില്‍ നിറയെ യാത്രക്കാര്‍. ഡ്രൈവര്‍ക്ക് പിന്നിലുള്ള സീറ്റിലായിരുന്നു സൈന ഇരുന്നത്. ഈ സമയം തന്നെ ഡ്രൈവര്‍ ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി സൈനയ്ക്ക് തോന്നി. ബസിന്റെ വശത്തെ കണ്ണാടിയില്‍കൂടിയാണ് സൈന ഇതു കണ്ടത്. എന്നിട്ടും ബിനു ബസ് ഓടിച്ചു. ഇതിനിടെ ബിനു കണ്ടക്ടറോട് പ്രശ്‌നം ശാരീരിക ബുദ്ധിമുട്ടുള്ളതായി അറിയിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല.
അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയുടെ മുന്‍പില്‍ എത്തിയപ്പോഴേയ്ക്കും അസ്വസ്ഥ കൂടി. ഇതോടെ സൈന ഇടപെട്ടു. ഇനിയും മുന്നോട്ടുപോകേണ്ടെന്നും നിങ്ങള്‍ ക്ഷീണിതനാണെന്നും സൈന പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ എത്തണമെന്നും സൈന പറഞ്ഞു. ഇതോടെ ആശുപത്രിയില്‍ പോകാന്‍ ബിനു തയ്യാറാകുകയായിരുന്നു.
സൈനയും കണ്ടക്ടറും ചേര്‍ന്ന് ബിനുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കള്‍ അനുമതി പത്രത്തില്‍ ഒപ്പിടണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളെ ഫോണില്‍ ലഭിക്കാതെ വന്നതോടെ സൈന തന്നെ ബന്ധുക്കള്‍ ഒപ്പിടേണ്ട അനുമതി പത്രത്തില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ബിനുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
Content Highlights- nursing officer help bus driver who felt chest pain while drive bus in adoor