REPORTER LIVATHON IMPACT: മാലിന്യം നീക്കും; പാചകശാല ഡിസംബര്‍ 15ന് പൂട്ടുമെന്ന് കൗണ്‍സിലര്‍

രണ്ട് ദിവസംകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന മലിനവെള്ളം നീക്കം ചെയ്യുമെന്നും കൗണ്‍സിലര്‍

dot image

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പാചകശാലയില്‍ നിന്നുള്ള മാലിന്യംമൂലം പ്രദേശവാസികള്‍ക്കുണ്ടായ ദുരിതത്തിന് പരിഹാരം. രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാചകംചെയ്യുന്ന വള്ളക്കടവിലെ പാചകശാലയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്ന് നഗരസഭ വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിത നാസര്‍ പറഞ്ഞു. പാചകശാലയിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. രണ്ട് ദിവസംകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന മലിനവെള്ളം നീക്കം ചെയ്യുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍ വിഷയം ചർച്ചയാക്കിയതിന് പിന്നാലെയായിരുന്നു പ്രശ്നപരിഹാരത്തിനുള്ള നീക്കമുണ്ടായത്.

ഡിസംബര്‍ പതിനഞ്ചിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഇതേ കാലയളവില്‍ തന്നെ പാചകശാലയിലെ ഉപകരണങ്ങളും നീക്കം ചെയ്യും. യഥാസമയം ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പൂട്ടാനുള്ള നടപടി സ്വീകരിക്കും. ഡിസംബര്‍ പതിനഞ്ചിന് ശേഷം പാചകശാല പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിക ഗോഡൗണ്‍ മാത്രമായിരിക്കുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. തീരുമാനം തൃപ്തികരമാണെന്ന് പ്രദേശവാസികളും അറിയിച്ചു.

രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്ക് നല്‍കാനായി ഭക്ഷണമുണ്ടാക്കുന്ന പാചകശാല നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. പാചകശാലയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പ്രദേശത്ത് വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്.

ഇതിന് പുറമേ മനുഷ്യവിസര്‍ജ്യങ്ങള്‍ അടക്കം തുറസ്സായ സ്ഥലത്തേയ്ക്കാണ് ഒഴുക്കിവിടുന്നത്. മലിന ജലത്തിന്റെ ദുര്‍ഗന്ധം കാരണം പ്രദേശത്തെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇരുപതോളം കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്കായി വന്‍തോതില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ലൈസന്‍സ് വാങ്ങാതെയാണെന്നുള്ള ആരോപണവുമുണ്ടായിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.

ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ വിഷയം കണ്‍സള്‍ട്ടന്റ് ജയകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ ഇക്കഴിഞ്ഞ ജൂലൈയില്‍ മേയര്‍ ആര്യ രാജേന്ദ്രനും വിഷയത്തില്‍ ഇടപെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തിരുന്നു. മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോ സഹിതം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും കൃത്യമായ നടപടിയുണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ കൂട്ടത്തോടെ ഭക്ഷണശാലയിലെത്തി പ്രതിഷേധിച്ചു. ഇതോടെ അധികൃതര്‍ മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു.

Content Highlights- will completely solve ramachandran textiles kitchen drainage issue says councilor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us