തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതി വിധിയെയും ഭരണഘടനയെയും ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാല പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഗവര്‍ണറുടേതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയൊന്നും ബാധകമല്ലെന്ന രീതിയിലാണ് ഗവര്‍ണറുടെ യാത്രയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒന്‍പത് കോടതി വിധികള്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായി. ഗവര്‍ണറുടേത് കാവിവത്ക്കരണത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫിന്റെ നിലപാട് എന്താണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. കെടിയു വിസി കെ ശിവപ്രസാദിനെതിരെയും എം വി ഗോവിന്ദന്‍ രംഗത്തെത്തി. കെടിയു വിസി സംഘപരിവാറാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്‌കരിച്ച് ചുമതലയേറ്റത് അതിന് ഉദാഹരണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെയും എം വി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചു. ചേലക്കരയില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമായിരുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ വലതുപക്ഷത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പില്‍ കണ്ട കാഴ്ച മതധ്രുവീകരണത്തിന്റേതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തും. മതനിരപേക്ഷ സമൂഹത്തില്‍ മാത്രമേ എല്ലാവര്‍ക്കും അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ കഴിയൂ. മതനിരപേക്ഷതയെ തകര്‍ത്തെറിയുകയാണ്. വര്‍ഗീയതയെ പ്രതിരോധിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടായ വ്യക്തിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ മേഖലകളിലും സരിന്‍റെ സേവനം പ്രതീക്ഷിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിക്കകത്തുണ്ടായ തെറ്റായ പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടിക്കകത്ത് വെച്ചുപൊറുപ്പിക്കില്ല. തെറ്റ് ആരുടെ ഭാഗത്ത് ആണെങ്കിലും നടപടി ഉണ്ടാകും. വിഷയം വിശദമായി പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി ആവശ്യമായ നടപടിയെടുത്ത് പ്രശ്‌നം പരിഹരിക്കും. കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് അറിയുന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ കയ്യിട്ടു വരാനുള്ള ശ്രമം അനുവദിക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- cpim state secretary m v govindan against governor arif mohammad khan