കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ചാ കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കേസ് വീണ്ടും ചര്‍ച്ചയാകുന്നത്. ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാണെന്ന നിലപാട് ആവര്‍ത്തിച്ച് കലാഭവന്‍ സോബിയും രംഗത്തെത്തിയിരിക്കുകയാണ്. ബാലഭാസ്‌കറിനെ മൃതപ്രായനാക്കിയ ശേഷം അപായപ്പെടുത്തിയതാണെന്ന് കലാഭവന്‍ സോബി പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലഭാസ്‌കറിന്റേതെന്നും കലാഭവന്‍ സോബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്നുള്ള കാര്യം താന്‍ സിബിഐ ഓഫീസില്‍ നേരിട്ടെത്തി പറഞ്ഞതാണെന്ന് കലാഭവന്‍ സോബി പറഞ്ഞു. എന്നാല്‍ സിബിഐ സംഘം ലാഘവത്തോടെയാണ് തന്റെ വാദത്തെ നോക്കിക്കണ്ടത്. തമാശപറയുന്ന രീതിയിലാണ് സിബിഐ സംഘം കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. എവിടെ നിന്ന് അന്വേഷണം തുടങ്ങണം എന്ന കാര്യത്തില്‍ പോലും അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടായിരുന്നില്ല. സിബിഐക്ക് കേസ് തെളിയിക്കാന്‍ താത്പര്യമില്ലെന്നും സോബി പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് സിബിഐ പറയുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തെ അപകട സ്ഥലത്ത് കണ്ടിരുന്നു എന്ന കാര്യം താന്‍ സിബിഐയോട് വ്യക്തമാക്കിയതാണ്. താന്‍ കണ്ട ആള്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമാണെന്നുള്ള കാര്യം ഡിആര്‍ഐ പിന്നീട് സ്ഥിരീകരിച്ചതാണ്. എന്നാല്‍ അക്കാര്യം അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ലെന്ന് കലാഭവന്‍ സോബി ആരോപിക്കുന്നു.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കേണ്ട കേസ് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിച്ചതെന്നും കലാഭവന്‍ സോബി ചൂണ്ടിക്കാട്ടി. അപകട സമയം കാര്‍ ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട കാറിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ച് തകര്‍ത്ത നിലയിലാണ് കണ്ടത്. ഇക്കാര്യം ഇനിയും തെളിഞ്ഞിട്ടില്ല. അപകട സമയം ബാലഭാസ്‌കറല്ല വാഹനം ഓടിച്ചതെന്നുള്ള കാര്യം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികള്‍ പറഞ്ഞതാണ്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കലാഭവന്‍ സോബി പറഞ്ഞു. പിന്നില്‍ കിടന്നുറങ്ങുകയായിരുന്ന ബാലഭാസ്‌കറിന്റെ ശരീരത്തില്‍ ഇരുപത്തിയൊന്നോളം മുറിവുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അത് എങ്ങനെ സംഭവിച്ചുവെന്നും കലാഭവന്‍ സോബി ചോദിക്കുന്നു. അര്‍ജുന്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നുതന്നെയാണ് വിശ്വസിക്കുന്നത്. സത്യം തെളിയും വരെ ബാലഭാസ്‌കറിന്റെ കുടുംബത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും കലാഭവന്‍ സോബി വ്യക്തമാക്കി.
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജുന് പങ്കുണ്ടെന്ന് ആരോപിച്ച് പിതാവ് കെ സി ഉണ്ണിയും രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് അര്‍ജുനെന്നും എടിഎം കവര്‍ച്ച ഉള്‍പ്പടെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ പറഞ്ഞു. സിബിഐ എഎസ്പി കേസ് ഒത്തുതീര്‍ക്കുന്നതിനായി സ്വാധീനിക്കാന്‍ ശ്രമിച്ചു. പരാതി പിന്‍വലിച്ചാല്‍ എംഎസിടി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍) കേസ് ഒത്തുതീര്‍ക്കാമെന്ന് സിബിഐ എഎസ്പി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേസ് മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു.
2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അപകടത്തിന് പിന്നാലെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതിയായിരുന്നു ബാലഭാസ്‌കറിന്റെ മരണം. ഡ്രൈവര്‍ അര്‍ജുനും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും സാരമായി പരിക്കേറ്റിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിയതെത്തിയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് വ്യക്തമാക്കി ലക്ഷ്മി രംഗത്തെത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ബാലഭാസ്‌കറിന്റെ പിതാവ് നടത്തിയ നിരന്തര നിയമപോരാട്ടത്തിനൊടുവിലാണ് സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
Content Highlights- kalabhavan sobi against cbi on balabhaskar death case