REPORTER LIVATHON: ഒടിപി ചോദിച്ച് കോളുകൾ വരാറുണ്ടോ?; കരുതിയിരിക്കണം വാട്സാപ്പ് കെണികളെ

ഇത്തരത്തിൽ തുടര്‍ച്ചയായ പരാതികളാണ് വാട്സാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിന് കിട്ടുന്നത്

dot image

കൊച്ചി: സൈബർ തട്ടിപ്പുകളുടെ കാലമാണിത്. വാട്സാപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ വാർത്തകളാണ് പുറത്തുവരുന്നത്. ഇത്തരം കെണികളെ കരുതിയിരിക്കണമെന്ന് ഓർമിപ്പിക്കുകയാണ് റിപ്പോർട്ടർ ലൈവത്തോൺ. കൊച്ചി ബ്യൂറോ ചീഫ് ലേബി സജീന്ദ്രന് തട്ടിപ്പുകാരുടെ കോൾ വന്നത് വിദേശത്ത് പഠിക്കുന്ന മകൻ ഒരു പ്രശ്നത്തിൽ പെട്ടു എന്നു പറഞ്ഞുകൊണ്ടാണ്.

വാട്സാപ്പിൽ വന്ന കോളിൽ ഹിന്ദിയിലായിരുന്നു സംസാരം. ഡൽഹി എൻഐഎ ഓഫീസിൽ നിന്നാണ് എന്നു പറഞ്ഞാണ് വിളിച്ചത്. ഇംഗ്ലീഷിൽ സംസാരിക്കാൻ പറഞ്ഞപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. ഒരിക്കലും ഒരു ഉന്നത ഉദ്യോഗസ്ഥൻ വാട്സാപ്പ് കോളിലൂടെ വിളിക്കില്ലെന്നും, എൻഐഎ ഉദ്യോഗസ്ഥന് ഇംഗ്ലീഷ് അറിയാതിരിക്കില്ലെന്നുമുള്ള ബോധ്യമാണ് സംഭവം തട്ടിപ്പാണെന്ന ഉറപ്പിലേക്ക് ലേബിയെ എത്തിച്ചത്.

ഇത്തരത്തിൽ തുടര്‍ച്ചയായ പരാതികളാണ് വാട്സാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിന് കിട്ടുന്നത്. അതിൽ തട്ടിപ്പിനിരയായി പണം നഷ്ടമായവരും നിരവധി. കോട്ടയം സ്വദേശിയായ മുതിർന്ന ബാങ്ക് മാനേജർ വേണുഗോപാൽ റിപ്പോർട്ടർ ടി വിയുടെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിലൂടെ മറ്റൊരു അനുഭവം പങ്കുവെച്ചു. കോൾ വന്നത് കസ്റ്റംസിന്‍റെ പേരിലായിരുന്നു. തന്‍റെ പേരിലൊരു കൊറിയർ ഉണ്ടെന്ന് പറഞ്ഞായിരുന്നു കോൾ. അതങ്ങനെ കിടന്നോട്ടെ എന്നായിരുന്നു വേണു കൊടുത്ത മറുപടി. ഈയിടെ നേപ്പാളിൽ നിന്നും സമാനരീതിയിൽ കോൾ വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് സ്വദേശി വിനോദിന് കോൾ വന്നത് ഡൽഹി സിബിഐയിൽ നിന്നാണ് എന്നുപറഞ്ഞാണ്. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. ആധാർ നമ്പർ ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയെന്നുപറഞ്ഞായിരുന്നു കോൾ. അറസ്റ്റുചെയ്യും, അക്കൗണ്ട് മരവിപ്പിക്കും എന്നും പറഞ്ഞിരുന്നു. വീഡിയോ കോളിൽ യൂണിഫോം ഇട്ട ആളുകളായിരുന്നുവെന്നും വിനോദ് പറയുന്നു.

കേരള പൊലീസിന്‍റെ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പരിൽ വിളിച്ച് ഇതുസംബന്ധിച്ച പരാതികൾ അറിയിക്കാമെന്ന് സൈബർ ഓപ്പറേഷൻ എസ്പി ഹരിശങ്കർ ഐപിഎസ് റിപ്പോർട്ടറിനോട് പറഞ്ഞു. ഏതുസമയത്തും വിളിക്കാം. വിദേശ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും തട്ടിപ്പുകൾ വരുന്നത്. ഒരു അന്വേഷണ ഏജൻസിയും വിർച്വൽ അറസ്റ്റ് ചെയ്യില്ലെന്നും പണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Content Highlights: Be Alert on Cybrer Fraud Cases

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us