പുനരധിവാസം ചോദ്യ ചിഹ്നം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് നാല് മാസം

ദുരന്തത്തെ അതിജീവിച്ചവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ തന്നെയാണ് നാല് മാസം തികയുമ്പോഴും വയനാട്ടിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്

dot image

കൽപ്പറ്റ: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് നാല് മാസം. ഇരമ്പിയെത്തിയ ഉരുൾ ആ രാത്രി തകർന്നത് നമ്മുടെയൊക്കെ ഹൃദയം കൂടിയാണ്. അതിഭീകര ദുരന്തമുഖത്ത് കൈനീട്ടിയവരെയെല്ലാം ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവന്ന് ഒടുവിൽ ഉരുളിന് കീഴ്പ്പെട്ട പ്രജീഷിനെപ്പോലെ, ദുരന്തവിവരം ലോകത്തെ ആദ്യം അറിയിച്ച് ഉരുളിനൊപ്പം ചെളിയിൽ കുതിർന്ന് ഒഴുകി പോയ നീതുവിനെപ്പോലെ, നൊമ്പരപ്പെടുത്തുന്ന ഓർമകൾ ഏറെയാണ്. ദുരന്തം നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം ബാക്കിയാണ്. ദുരന്തത്തെ അതിജീവിച്ചവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ തന്നെയാണ് നാല് മാസം തികയുമ്പോഴും വയനാട്ടിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്.

ജൂലൈ 30 ന് പുലർച്ചെ 1 മണിക്ക് ഭയാനകമായൊരു ശബ്ദമാണ് നാട്ടുകാർ ആദ്യം കേട്ടത്. നിമിഷങ്ങൾക്കകം മൂന്ന് കിലോമീറ്റർ വനമേഖലയത്രയും കടന്നെത്തിയ ഉരുൾ ആദ്യം തുടച്ചെറിഞ്ഞ ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. മലവെള്ളവും, മരങ്ങളും പാറക്കെട്ടുകളും കുതിച്ചൊഴുകിയെത്തിയപ്പോൾ ഒരു നാട് അപ്പാടെ ഇല്ലാതായി, പുഞ്ചിരിമട്ടം സങ്കടനിരപ്പായി. നിമിഷങ്ങൾക്കകം ഉരുൾ മുണ്ടക്കൈയിലെത്തി, ആർത്തലച്ചിലുകളായിരുന്നു ചുറ്റും. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി കാവലാകുമെന്ന് കരുതിയ പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി. മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിലെത്തി. നൂറുകണക്കിന് മനുഷ്യരും തലമുറകളുടെ അധ്വാനത്തിൽ കെട്ടിപ്പടുത്ത തേയില താഴ്വാരത്തിൻ്റെ മേൽവിലാസവും ചോര കലർന്ന ചുവന്ന മണ്ണിൻറെ നിറത്തിൽ താഴേക്ക് പതിച്ചു. ദൂരെ, അങ്ങ് ദൂരെ, ചാലിയാർ സങ്കട കടലായി.

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തത്തെയായിരുന്നു അന്ന് അവിടുത്തുകാർക്ക് അതിജീവിക്കേണ്ടി വന്നത്. ഏതാണ്ട് നാനൂറിലേറെപ്പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. 47ഓളം പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവിതത്തെയാണ് ദുരന്തം അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞത്.

പ്രിയപ്പെട്ടവരും ജീവിതസമ്പദ്യവുമെല്ലാം നഷ്ടപ്പെട്ട ഒരു ജനത ഒരുദിവസം കൊണ്ടാണ് അവരുടെ മണ്ണിൽ നിന്നും തൂത്തെറിയപ്പെട്ടത്. ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം സ്വന്തമായുണ്ടായിരുന്നതെല്ലാം അവർക്ക് നഷ്ടപ്പെട്ടു. ദുരന്തം നടന്നതിന് പിന്നാലെ ഇവരെ ചേർത്തുപിടിക്കാൻ സർക്കാരും സമൂഹവും ഉപാധികളില്ലാതെ മുന്നോട്ടു വന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവൻ പകരുന്ന പ്രഖ്യാപനങ്ങളും ആശ്വാസ നടപടികളും ഈ ഘട്ടത്തിൽ ഉണ്ടായി.

ഇതിൽ ദിവസേന 300 രൂപ വീതമുള്ള ധനസഹായ വാഗ്ദാനവും ബാങ്ക്കടം എഴുതിതള്ളുമെന്ന പ്രഖ്യാപനവുമെല്ലാം പൂർണ്ണതോതിൽ എത്രമാത്രം പ്രാവർത്തികമായി എന്നതും ഈ ഘട്ടത്തിൽ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കേന്ദ്രസർക്കാർ പൂർണ്ണമായും ദുരന്തത്തോട് മുഖം തിരിക്കുകയും അർഹമായ സഹായങ്ങൾ നൽകാൻ മടിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. കേന്ദ്രത്തിൻ്റെ നിഷേധാത്മക സമീപനം ഉയർത്തിക്കാണിക്കുമ്പോഴും സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വേഗതയിൽ പൂർത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്ന് നാല് മാസം പൂർത്തിയാകുന്ന ഇന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസം എവിടെയെത്തി എന്ന ചോദ്യം ഗൗരവത്തിൽ ഉയരേണ്ടതുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ജീവനോപാദികളും ജീവിതസമ്പാദ്യവും നഷ്ടപ്പെട്ട ഒരു ജനത അവരുടേതല്ലാത്ത കാരണം കൊണ്ട് ജീവിതത്തിന്റെ പുറംപോക്കിൽ അനിശ്ചിതമായി തുടരേണ്ടി വരുന്നുവെങ്കിൽ അതിന്റെ കാരണങ്ങൾ ഈ ഘട്ടത്തിൽ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.

Content Highlights: Four months after the Mundakai-Churalmala landslide disaster rehabilitation question mark

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us