നന്ദി പറയാൻ രാഹുലിനൊപ്പം പ്രിയങ്ക എത്തുന്നു; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

വയനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ വയനാട് സന്ദർശനം

dot image

കൽപ്പറ്റ: വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുഷ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. രാഹുലിന്‍റേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.

വയനാട് ലോക്സഭ മണ്ഡലത്തിൽ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.

Content Highlights: Priyanka, Rahul Gandhi to address meeting in Wayanad on Nov 30

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us