കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. തീപിടുത്തം നടന്നതിന് പിന്നാലെ സ്ഥലത്തെത്തി ചേർന്ന അഗ്നിശമന സേന ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപെടുത്തി. ഗോഡൗണിന് സമീപത്തെ ലോഡ്ജുകളിലെയും വീടുകളിലെയും താമസക്കാരെയും അടിയന്തരമായ ഒഴിപ്പിക്കുകയായിരുന്നു. ഏറെ നേരത്തെ കഠിനപരിശ്രമത്തിന് ശേഷം അഗ്നിശമന സേനാവിഭാഗം തീ നിയന്ത്രണവിധേയമാക്കിയത്. തീനിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ ഗോഡൗണിനുള്ളിൽ കടന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ഫയർഫോഴ്സ് അധികൃതർ.
അപകടം ഉണ്ടായ ഉടൻ സൗത്ത് മേൽപ്പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. തീപിടുത്തമുണ്ടായതിന് പിന്നാലെ സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് നിർത്തിവെച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. സമീപത്തുള്ള വർക്ക് ഷോപ്പിലേയ്ക്കും തീപടർന്നു. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലും തീപിടുത്തമുണ്ടായി. 134 മുറികളുള്ള ഹോട്ടലിൻ്റെ കാർ പാർക്കിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപിടുത്തത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപെടുത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലാഡർ ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യം.
തീപിടുത്തത്തിൽ ഒരു കാർ പൂർണ്ണമായും കത്തി നശിച്ചു. മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു.
Content Highlights: Huge fire near Ernakulam South Bridge