പത്തനംതിട്ട: കരുനാഗപ്പള്ളിയ്ക്ക് പിന്നാലെ തിരുവല്ലയിലെ സിപിഐഎം വിഭാഗീയതയിൽ ഇടപെടാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവല്ലയിലെ വിഷയങ്ങൾ വിലയിരുത്താൻ എം വി ഗോവിന്ദൻ പത്തനംതിട്ടയിലെത്തി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തിരുവല്ല തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം മാറ്റി വച്ച സാഹചര്യം എം. വി ഗോവിന്ദൻ വിലയിരുത്തും. ഇതിനകം വിവാദമായ ലോക്കൽ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങളും സംസ്ഥാന സെക്രട്ടറി പരിശോധിക്കും. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോക്കൽ-ഏരിയാ കമ്മിറ്റി നേതൃത്വങ്ങളെ പത്തനംതിട്ടയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
നേരത്തെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലാണ് വിവാദ പരാമർശങ്ങൾ ഇടംപിടിച്ചത്. നവംബർ 13നാണ് ലോക്കൽ സമ്മേളനം നടന്നത്. മുൻ തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി ഉൾപ്പെടെ ചില നേതാക്കൾ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന പരാമർശം റിപ്പോർട്ടിലുണ്ടായിരുന്നു. പീഡനക്കേസ് പ്രതി സജിമോനെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നതായും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി ഏരിയാ കമ്മിറ്റി ലോക്കൽ കമ്മിറ്റിക്ക് സഹായം ചെയ്യുന്നില്ല എന്നും സജിമോനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കാത്തതിൽ ഏരിയ കമ്മിറ്റിക്ക് വിരോധമെന്നും റിപ്പോർട്ടിലുണ്ട്. ലോക്കൽ കമ്മിറ്റിക്ക് ഇതിനോട് കടുത്ത വിയോജിപ്പാണുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ നിലപാട് തന്നെയാണ് സജിമോന്റെ കാര്യത്തിൽ ലോക്കൽ കമ്മിറ്റിക്കും ഉള്ളതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
പ്രതിനിധികൾക്ക് കൈമാറിയ റിപ്പോർട്ട് വിവാദമായതോടെ തിരിച്ചു വാങ്ങുകയായിരുന്നു. പ്രവർത്തന റിപ്പോർട്ടിലെ പാരമർശങ്ങൾ വിവാദമാകുമെന്ന് ബോധ്യപ്പെട്ടപ്പോൾ ലോക്കൽ സമ്മേളനം നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ഇതുവരെ സമ്മേളനം നടത്താൻ സാധിച്ചിട്ടില്ല. ലോക്കൽ-ഏരിയാ നേതൃത്വങ്ങൾ തമ്മിലുള്ള തർക്കവും വിഭാഗീയതയും തുടരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പത്തനംതിട്ടയിലെത്തുന്നത്.
നേരത്തെ നടുറോഡിലെ കയ്യാങ്കളിയും തർക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്നാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയെ സിപിഐഎം സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. 'സേവ് സിപിഐഎം' എന്ന പ്ലക്കാർഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടൽ. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഐഎം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു.
കുലശേഖരപുരത്തെ വിഭാഗീയതയെതുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിമതരും രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഉന്നയിച്ച വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് ബോധ്യപ്പെട്ടു. ഇത് ജയപരാജയത്തിന്റെ പ്രശ്‌നമല്ല. പാര്‍ട്ടിയുടെ കരുനാഗപ്പള്ളി ഏരിയാ നേതൃത്യം തങ്ങളുടെ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ലെന്നും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നുമായിരുന്നു വിമതരുടെ പ്രതികരണം.
Content Highlights: MV Govindan reached Tiruvalla after Karunagapally