കൽപറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുണ്ടക്കൈ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അവർ പറഞ്ഞു. അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മലപ്പുറത്തെയും കോഴിക്കോടെയും സന്ദർശനം പൂർത്തിയാക്കി വയനാട് ജില്ലയിലെത്തിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയിലെ ഓരോ പൗരന്റെയും തുല്യത തങ്ങൾ ഉറപ്പു നൽകുന്നു. വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്നം എല്ലാം പരിഹരിക്കപ്പെടണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുൻഗണന നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രിയങ്കയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായായിരുന്നു ഇരുവരും മണ്ഡലത്തിൽ എത്തിയത്. വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. രാത്രി യാത്രാ പ്രശ്‌നവും വന്യജീവി പ്രശ്‌നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ഇരുവർക്കും വൻ സ്വീകരണമാണ് കോൺഗ്രസ് നേതൃത്വം ഏർപ്പെടുത്തിയത്. കരിപ്പൂരിൽ നിന്ന് കോഴിക്കോട് മുക്കത്തേയ്ക്കാണ് പ്രിയങ്കയും രാഹുലും എത്തിയത്. ഇവിടെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഇരുവരും പങ്കെടുത്തു. കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് പ്രിയങ്കയ്ക്കായി സ്വീകരണ സമ്മേളനം ഒരുക്കിയിരുന്നത്. ലോക്സഭയിലേക്ക് വൻ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ സന്ദർശനത്തിനെത്തിയത്.
Content Highlights: Priyanka Gandhi against state central governments