പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ജില്ലയിൽ; വൈകുന്നേരം മടക്കം

വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്

dot image

കൽപ്പറ്റ: രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും കൽപറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂത്ത്കോൺഗ്രസ് പ്രവർത്തർക്കെതിരായ പൊലീസ് ലാത്തിച്ചാർജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും നടന്ന സ്വീകരണ പരിപാടികളിൽ അവഗണിച്ചുവെന്ന പരാതിയുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ലീഗിന് നിർണ്ണായക സ്വാധീനമുള്ള വയനാട്ടിൽ പ്രിയങ്ക എത്തുമ്പോൾ ലീഗ് അണികളുടെ പ്രതികരണവും നിർണ്ണായകമാണ്. വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായായിരുന്നു ഇരുവരും മണ്ഡലത്തിൽ എത്തിയത്. വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. രാത്രി യാത്രാ പ്രശ്‌നവും വന്യജീവി പ്രശ്‌നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ഇരുവർക്കും വൻ സ്വീകരണമാണ് കോൺഗ്രസ് നേതൃത്വം ഏർപ്പെടുത്തിയത്. കരിപ്പൂരിൽ നിന്ന് കോഴിക്കോട് മുക്കത്തേയ്ക്കാണ് പ്രിയങ്കയും രാഹുലും എത്തിയത്. ഇവിടെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഇരുവരും പങ്കെടുത്തു. കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് പ്രിയങ്കയ്ക്കായി സ്വീകരണ സമ്മേളനം ഒരുക്കിയിരുന്നത്. ലോക്സഭയിലേക്ക് വൻ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ സന്ദർശനത്തിനെത്തിയത്.

Priyanka Gandhi
പ്രിയങ്ക ഗാന്ധി

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയർത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേർ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുഷ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. രാഹുലിൻറേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്.

പിന്നീട് 2019 ൽ കിഴക്കൻ ഉത്തർപ്രദേശിൻറെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി. ഇതിനിടെ പ്രിയങ്കയുടെ പരിപാടിയിൽ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു.

Rahul Gandhi
രാഹുൽ ഗാന്ധി

സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോൾ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ, കൊണ്ടോട്ടി എംഎൽഎ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമർശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദർശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിച്ചു.

Content Highlights: Priyanka Gandhi will attend receptions at Mananthavadi, Sulthan Bathery and Kalpatta today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us