കൊല്ലം: കരുനാഗപ്പള്ളിയിലെ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്ന് രൂപീകരിച്ച ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ചേരുന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട നടപടി ഇന്നലെ ജില്ലാ നേതൃത്വം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഡ്ഹോക്ക് കമ്മിറ്റിയോഗം ചേരുന്നത്. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരനാണ് കൺവീനർ. എസ് ആർ അരുൺ ബാബു, എസ് എൽ സജികുമാർ,പി.ബി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, എഎം ഇക്ബാൽ തുടങ്ങിയവരാണ് അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായുള്ളത്. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗത്തേയോ ജില്ലാ കമ്മിറ്റി അംഗങ്ങളെയോ അഡ്വഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് കരുനാഗപ്പള്ളിയിൽ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. ഇന്നലെ കൊല്ലത്ത് ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടായ കുലശേഖരപുരം ലോക്കൽ കമ്മിറ്റിയിലെ പ്രശ്നങ്ങൾ അഡ്ഹോക്ക് കമ്മിറ്റി പരിശോധിക്കും.
കുലശേഖരപുരത്തെ വിഭാഗീയതയെതുടർന്നാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടത്. പിന്നാലെ പ്രതികരണവുമായി വിമതർ രംഗത്തെത്തിയിരുന്നു. തങ്ങൾ ഉന്നയിച്ച വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് ബോധ്യപ്പെട്ടു. ഇത് ജയപരാജയത്തിന്റെ പ്രശ്‌നമല്ല. പാർട്ടിയുടെ കരുനാഗപ്പള്ളി ഏരിയാ നേതൃത്യം തങ്ങളുടെ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ലെന്നും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നും വിമതർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
എട്ട് വർഷക്കാലമായി പല തരത്തിൽ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. നടക്കാതെ വന്നതോടെയാണ് അവസാന നിമിഷം ഇത്തരത്തിൽ ഒരു പ്രതിഷേധത്തിലേക്ക് കടക്കേണ്ടി വന്നത്. അഡ്‌ഹോക്ക് കമ്മിറ്റി തങ്ങളെ മനസിലാക്കും എന്നാണ് പ്രതീക്ഷ. സംസ്ഥാന നേതൃത്വം തങ്ങളെ നൂറ് ശതമാനവും മനസിലാക്കി. കുലശേഖരപുരം സിപിഐഎം ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെയും നടപടി വേണം. പ്രാദേശിക നേതാക്കന്മാരാണ് പ്രദേശത്ത് പ്രവർത്തിക്കേണ്ടത്. പ്രാദേശിക നേതൃത്വത്തിന് ആത്മവിശ്വാസം നൽകേണ്ടത് സംസ്ഥാന നേതൃത്വത്തിന്റെ കടമയാണ്. ഇല്ലെങ്കിൽ പ്രദേശത്ത് മറ്റു പാർട്ടികൾ വളർന്നുവരുമെന്നും റേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബിജു പറഞ്ഞിരുന്നു.
നടുറോഡിലെ കയ്യാങ്കളിയും തർക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. 'സേവ് സിപിഐഎം' എന്ന പ്ലക്കാർഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടൽ. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഐഎം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു.
Content Highlights: The first meeting of the Ad Hoc Committee is held at karunagappally