പാലക്കാട്: നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് നടന്നത് രാഷ്ട്രീയ നാടകമെന്ന് രാഹുൽ പറഞ്ഞു. കളളപ്പണക്കാരനാക്കാൻ ശ്രമിച്ചത് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ബോധപൂർവമായ അജണ്ടയാണ്. ജനഹിതത്തെ അട്ടിമറിക്കാനുളള ശ്രമമാണ് നടന്നതെന്നും രാഹുൽ പറഞ്ഞു.
ജനങ്ങൾ പ്രബുദ്ധരാണെന്നുളള ബോധം ബിജെപിയ്ക്കും സിപിഐഎമ്മിനും വേണം. ബിജെപി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ ഒന്നാമത് എത്താൻ ഏത് ഹീനമായ മാർഗവും ഉപയോഗിക്കും. പെട്ടി വിവാദം വിടാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. ഈ വിഷയം മുന്നോട്ട് കൊണ്ടു പോകാൻ തന്നെയാണ് തീരൂമാനമെന്ന് രാഹുൽ പറഞ്ഞു. ഷാനി മോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറിയിലേക്ക് യൂണിഫോം ഇല്ലാതെ പൊലീസ് ഇടിച്ചു കയറി. ഇതിന് ബിജെപിയും സിപിഐഎമ്മും നിയമപരമായി മറുപടി പറയേണ്ടി വരും. മാനനഷ്ടകേസിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബാഗിൽ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയും എൽഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു.
Content Highlights: Rahul Mamkootathil Response to the Palakkad blue trolley bag Controversy