എറണാകുളം: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇബ്രാഹിമിന്റെ (19) മൃതദേഹം സംസ്‌കരിച്ചു. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാമസ്ജിലാണ് നടന്നത്. പൊതുദര്‍ശനത്തിന് ശേഷമായിരുന്നു ഖബറടക്കം.
ഉപ്പയ്ക്ക് മാത്രമാണ് ഖബറടക്കത്തിന് എത്താൻ സാധിച്ചത്.മൃതദേഹം ലക്ഷദ്വീപിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം കണക്കിലെടുത്താണ് ഖബറടക്കം എറണാകുളത്ത് നടത്തിയത്. കുടുംബത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനം.
ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി മുഹമ്മദ് നസീറിന്റെ മകനാണ് മുഹമ്മദ് ഇബ്രാഹിം. മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമില്‍ ആദ്യശ്രമത്തില്‍ തന്നെ 98 ശതമാനം മാര്‍ക്ക് നേടിയ മുഹമ്മദ് ഇബ്രാഹിം ലക്ഷദ്വീപിന്റെ പ്രതീക്ഷയായിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.
Content Highlight : Body of MBBS student Mohammad Ibrahim who died in Kallarkot car accident cremated