ആലപ്പുഴ: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്. ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.
10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവാണ് ഭാര്യ. ഇരുവരും പിരിഞ്ഞുകഴിയുകയാണ്.
നേരത്തെ ബിപിന്‍ സി ബാബു സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. 'പോയി തന്നതിന് നന്ദി' എന്നെഴുതിയ കേക്കാണ് പ്രവര്‍ത്തകര്‍ മുറിച്ചത്.
സിപിഐഎമ്മിന്റെ മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്നാരോപിച്ചാണ് ബിപിന്‍ സി ബാബു കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സിപിഐഎം ഒരു വിഭാഗത്തിന്റേത് മാത്രമായി. വര്‍ഗീയ ശക്തികളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. അതാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നും ബിബിന്‍ സി ബാബു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.
Content Highlights: Case against Bipin C Babu in alappuzha