കൊച്ചി: കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ ചാന്‍സലര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.
സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാരിന്റെ വാദം.
സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ചാന്‍ലസര്‍ നിയമിച്ചത്. ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹന്‍ കുന്നുമ്മലിന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം കെഎം സച്ചിന്‍ദേവ് എംഎല്‍എ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിയായി ഡോ കെ ശിവപ്രസാദിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചതിനു ശേഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം വേണമെന്ന സര്‍വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നാണ് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കാനാണ് താത്ക്കാലിക ചുമതല നല്‍കിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പാനല്‍ വെട്ടിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ചത്. മുന്‍ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരു മാസം തികയുന്ന ദിവസമായിരുന്നു ഗവര്‍ണര്‍ പകരം ചുമതലക്കാരനെ കണ്ടെത്തിയത്. നേരത്തേ സജി ഗോപിനാഥ് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ പുതിയ പാനല്‍ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് തള്ളുകയായിരുന്നു.
Content Highlights: Today the High Court will hear petitions regarding the appointment of the vice chancellor for Kerala Digital University today.