ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച ദേവനന്ദിൻ്റെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് ദേവനന്ദിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ദേവനന്ദ്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമൊത്ത് സിനിമ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം. അഞ്ച് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.
'ഉത്രാടത്തിന്റെ അന്നാണ് വന്നത്. തിരുവോണം കഴിഞ്ഞ് അമ്മവീട്ടിലേക്ക് പോയി. രാത്രി ഏതാണ്ട് പത്തര ആയപ്പോഴാണ് അറിഞ്ഞത്. അച്ചു എന്നാണ് ഞങ്ങള്‍ അവനെ വിളിക്കാറ്. അച്ചൂന് വയ്യാ എന്ന് പറഞ്ഞാണ് ഫോണ്‍ വന്നത്. മെഡിക്കല്‍ കോളേജിലാണെന്ന് പറഞ്ഞു. ഞാന്‍ എൻ്റെ കയ്യിലുള്ള രൂപ എടുത്ത് കൊടുത്തു. അപ്പോഴാണ് പറഞ്ഞത് രൂപാ തന്നിട്ട് കാര്യമില്ല അച്ചു പോയീന്ന്,' മുത്തച്ഛന്‍ പറഞ്ഞു.
മൃതദേഹം കോട്ടയം മറ്റക്കരയിലെ തറവാട്ടുവീട്ടിലെത്തിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം നാളെ രണ്ട് മണിക്കാണ് ദേവനന്ദൻ്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് ദേവനന്ദിൻ്റെ മാതാപിതാക്കള്‍ മലപ്പുറത്തായിരുന്നു താമസം.
അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നിരവധി പേരാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ അവസാനമായി കാണാനെത്തിയത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാല് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതമായി തുടരുകയാണ്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.
Content Highlight: Kalarkode accident: Grandparents of Devanand opens up