ആലപ്പുഴ: കളര്‍കോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ റോഡില്‍ എന്തോ വസ്തു ഉള്ളതായി തോന്നിയെന്ന് വിദ്യാര്‍ത്ഥിയായ ഡ്രൈവറുടെ മൊഴി. സംഭവസ്ഥലത്തു നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആര്‍ടിഒ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'എന്തോ ഒരു വസ്തു, മനുഷ്യനോ, സൈക്കിളോ, ബൈക്കോ ഉണ്ടായതായി അയാള്‍ക്ക് തോന്നി. അപ്പോഴേക്കും ബസ് മുന്നില്‍ വന്ന് കഴിഞ്ഞു. അതിനുള്ള ഡിഫന്‍സായി വലത്തേക്ക് വെട്ടിച്ചുതിരിച്ചു. സംഭവസ്ഥലത്തുനിന്ന് ആരും അത്തരത്തിലൊന്ന് കണ്ടതായി പറഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്', ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഉണ്ട്. 14 വര്‍ഷം പഴക്കമുള്ള വണ്ടിയാണ്. 5 പേര്‍ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോള്‍ മടിയിലൊക്കെയാവും ഇരുന്നിട്ടുണ്ടാവുക. അതെല്ലാം അപകടത്തിന്റെ ആഘാതം കൂട്ടി. ഓവര്‍ലോഡ് ആയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ്പ് കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീല്‍ ലോക്കായിരുന്നു. വണ്ടി സ്‌കിഡ് ആയതുകൊണ്ടാണ് ഡ്രൈവര്‍ സേഫായതെന്നാണ് ആർടിഒ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.
കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോട്ടയം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍, എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Content Highlight: Kalarkode accident: Statement of youth who drove the car out