ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കം കളര്‍കോടിന് വിട്ടുമാറിയിട്ടില്ല. കൂട്ടിയിടിയുടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാര് കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മനുഷ്യശരീരങ്ങളാണ്. കണ്ടുനില്‍ക്കാനാകാത്ത കാഴ്ചയാണ് കളര്‍കോടുണ്ടായതെന്ന് പ്രദേശവാസികളിലൊരാള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാറില്‍ നിന്ന് പുറക്കെടുമ്പോള്‍ ചിലര്‍ക്ക് അനക്കമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'രാത്രി ഏതാണ്ട് ഒമ്പത് മണിയായിട്ടുണ്ട്. ശബ്ദം കേട്ടാണ് ഓടിയെത്തുന്നത്. കാറും ബസും ജാമായി കിടക്കുകയായിരുന്നു. അകത്തുനിന്ന് ആളെ എടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂന്ന് പേരെ നാട്ടുകാരൊക്കെ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഞ്ച് പേര് മരിച്ചിട്ടുണ്ട്. കാറില്‍ നിന്ന് ഇറക്കുന്ന സമയത്ത് തന്നെ മൂന്ന് പേര്‍ക്ക് അനക്കമുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്ക് മാത്രമാണ് ബോധമുണ്ടായത്. ബാക്കിയെല്ലാവരും അബോധാവസ്ഥയിലായിരുന്നു. കണ്ടുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു,' അപകടസ്ഥലത്തെത്തിയ പ്രദേശവാസികളിലൊരാള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സിനിമയ്ക്ക് പോകുംവഴിയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Content Highlight: Kalarkode accident: People says few were dead on the spot