ആലപ്പുഴ: രാത്രി ഇരുട്ടി വെളുക്കും മുമ്പേ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തിറങ്ങിയിരുന്നുവെന്നും ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മറിയം വര്‍ക്കി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മിടുക്കരായ വിദ്യാര്‍ത്ഥികളെയാണ് നഷ്ടപ്പെട്ടത്. നാല് വിദ്യാര്‍ത്ഥികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് അധ്യാപികയെന്ന നിലയില്‍ വേദനയുണ്ടാക്കുന്ന കാര്യമാണെന്നും റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കവെ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
'അപകടത്തെ കുറിച്ച് അറിഞ്ഞയുടന്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിരുന്നു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആശുപത്രിയിലെത്തിയിരുന്നു. ഗവ. ഹോസ്റ്റലില്‍ തന്നെയായിരുന്നു കുട്ടികള്‍ താമസിച്ചിരുന്നത്. എന്തോ ആവശ്യത്തിന് അവര്‍ നേരത്തേ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയിരുന്നുവെന്നാണ് വിവരം. നല്ല മഴയുണ്ടായിരുന്നു. വൈകുന്നേരം മുതല്‍ മഴ കനക്കുന്നതിനാല്‍ വിഷന്‍ വളരെ കുറവായിരുന്നു. പതിനൊന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ക്ക് വലിയ പരിക്കുകളില്ല. കുട്ടികള്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഗുരുതര പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളും ഐസിയുവിലാണ്', പ്രിൻസിപ്പൽ പറഞ്ഞു.
'എല്ലാവരേയും പരിചയമുണ്ട്. അഡ്മിഷന്‍ സമയത്ത് എല്ലാവരേയും കണ്ട് സംസാരിച്ചതാണ്. ലക്ഷദ്വീപില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയുണ്ട്. ആ കുട്ടിയുടെ മാതാപിതാക്കള്‍ എപ്പോഴും വിളിക്കുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ മരണപ്പെടുക എന്ന് പറയുന്നത് ഒരു ടീച്ചര്‍ എന്ന നിലയ്ക്ക് താങ്ങാന്‍ സാധിക്കുന്നതല്ല. മിടുക്കരായ വിദ്യാര്‍ത്ഥികളാണ് നഷ്ടപ്പെട്ടത്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം,' മറിയം വര്‍ക്കി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികലെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സിനിമയ്ക്ക് പോകുംവഴിയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരാണ് മരിച്ചത്. കോട്ടയം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12 മണിയോടെ പൂര്‍ത്തിയാകും. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlight: Mariyam Varkey, Principal of Vandanam medical college reacts to kalarkode accident