കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസിൽ എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റയാൾ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നാഷണൽ ഹൈവേയിൽ പുനലൂർ മുതൽ തമിഴ്നാട് വരെയുള്ള ഭാഗം അപകടമേഖലയാണെന്ന് പുനലൂർ മുനിസിപ്പൽ ചെയർമാൻ രാജഗോപാലൻ പറഞ്ഞു. അതിന് ഭൂമി ശാസ്ത്രപരമായ കാരണങ്ങളുണ്ട്. ദേശീയപാതയുടെ അലൈൻമെൻ്റിനും പ്രശ്നവുമുണ്ടെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. ആര്യങ്കാവ് അമ്പലത്തിൽ ദർശനം കഴിഞ്ഞ് പോവുകയായിരുന്നതിനാൽ ഉറങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും രാജഗോപാൽ റിപ്പോർട്ടറിനോട് പറഞ്ഞു.
'പതിനൊന്നര മണിയ്ക്ക് ദർശനം കഴിഞ്ഞ് ശബരിമലയിൽ നിന്ന് സേലത്തേക്ക് തിരിച്ച് പോകുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്. ശബരിമലയിൽ നിന്ന് ആര്യങ്കാവിലെത്തി ക്ഷേത്ര ദർശനം നടത്തി തിരിച്ച് പോകുമ്പോൾ എതിരെ വന്ന ലോറിയുമായി തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. നാഷണൽ ഹൈവേയിൽ പുനലൂർ മുതൽ തമിഴ്നാട് വരെയുള്ള ഭാഗം അപകടമേഖല തന്നെയാണ്. അതിന് ഭൂമി ശാസ്ത്രപരമായ കാരണങ്ങളുണ്ട്. ദേശീയപാതയുടെ അലൈൻമെന്റിൻ്റെ പ്രശ്നവുമുണ്ട്. വലിയ വാഹനങ്ങൾ ഫ്യുവൽ കൺസംപ്ഷൻ കുറയ്ക്കുന്നതിന് വേണ്ടി കുത്തനെ ഇറക്കമുള്ളയിടങ്ങളിൽ ന്യൂട്ടർ അടിച്ചുവരുന്നു എന്ന പരാതിയും പൊതുവെയുണ്ട്. അങ്ങിനെയും നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്', രാജഗോപാൽ റിപ്പോർട്ടറിനോട് പറഞ്ഞു.
"വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ക്വറിയിൽ നിന്നാണ് കൂടുതൽ പാറയും മണലും വരുന്നത്. ശബരിമല സീസൺ ആകുമ്പോൾ ഹെവി ട്രാഫിക്കാണ്. കലയനാട് മുതൽ തമിഴ്നാട് വരെയുള്ള ഭാഗത്ത് നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. സിസിടിവി ക്യാമറകൾ ധാരാളമായിട്ടില്ല. അത് കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിന് ഒരു തടസ്സമാണ്. ഈ കാര്യത്തിൽ അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് മനസിലാകുന്നത്. പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആര്യങ്കാവ് അമ്പലത്തിൽ ദർശനം കഴിഞ്ഞ് പോവുകയായിരുന്നതിനാൽ ഉറങ്ങിപ്പോയത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല', രാജഗോപാലൻ പറഞ്ഞു.
അപകടം നടക്കുന്ന സമയത്ത് ബസിൽ 25ഓളം പേരാണുണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. തമിഴ്നാട് സ്വദേശിയായ ധനപാലാണ് മരിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേർക്ക് സാരമായ പരിക്കുകളുണ്ട്. അവരെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. 13ഓളം പേരാണ് താലൂക്ക് ആശുപത്രിയിൽ തുടരുന്നത്.
ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: municipal chairman responded to the accident involving the bus carrying the Sabarimala pilgrim group