കൊച്ചി: രാസലഹരി കേസില്‍ 'തൊപ്പി'യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.
അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു. 'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.
Content Highlight: No case registered against Youtuber Thoppi in drug case