കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ പരസ്പരം പോരടിച്ച് മേയര്‍ എം അനില്‍കുമാറും സിപിഐഎം കൗണ്‍സിലര്‍മാരും. നഗരാസൂത്രണ വികസന സമിതിക്കെതിരെ മേയര്‍ നടത്തിയ ആക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിപിഐഎം കൗണ്‍സിലര്‍ രാജിവെച്ചു. സിപിഐഎം കൗണ്‍സിലര്‍ എംഎച്ച്എം അഷറഫാണ് സമിതിയില്‍ നിന്ന് രാജിവെച്ചത്.
നാട് മുഴുവന്‍ നടന്ന് പണം പിരിക്കുകയാണെന്ന് ആക്ഷേപം ഉണ്ടെന്നായിരുന്നു നഗരാസൂത്രണ വികസന സമിതിക്കെതിരെ മേയര്‍ ഉയര്‍ത്തിയ ആരോപണം. ഇതിനെതിരെ സമിതി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമിതിയില്‍ നിന്ന് സിപിഐഎം കൗണ്‍സിലര്‍ അഷറഫ് രാജിവെച്ചത്. മേയര്‍ കഴിവുകേട് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അഷറഫ് പ്രതികരിച്ചു.
അതിനിടെ നഗരാസൂത്രണ സമതിക്കെതിരെ മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷം അഴിമതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
Content Highlights- cpim councilor resigned from urban planning development committee of kochi corporation