കൊല്ലം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് വിജയി ദിനേശ് കുമാറിനെ തിരയുകയായിരുന്നു കേരളം. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ കരുനാഗപള്ളി സ്വദേശി ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് തന്നെ തനിക്ക് വന്നുചേര്‍ന്ന ഭാഗ്യം പുറത്തറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത പൂജ ബമ്പറിന്റെ JC 325526 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.
ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്ര ദൂരെ വന്നു ലോട്ടറി എടുത്തതെന്നുമാണ് വിജയത്തെക്കുറിച്ച് ദിനേശന്‍ ആദ്യമായി പ്രതികരിച്ചത്. ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്.
'തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്', ദിനേശ് കുമാര്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍കൊടുക്കുന്ന സംവിധാനമാണ് കേരള ലോട്ടറി. ലോട്ടറി എടുത്താലേ അടിക്കുള്ളൂ. എല്ലാവരും ലോട്ടറി എടുക്കണം എന്നാണ് തന്റെ അഭിപ്രായം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തിട്ട് അടിച്ചില്ലെങ്കില്‍ പിന്നീട് എടുക്കാതിരിക്കരുതെന്നും ദിനേശ് കുമാര്‍ പറയുന്നു. സ്ഥിരമായി ബമ്പര്‍ എടുക്കുന്നയാളാണ് ദിനേശ് കുമാര്‍. ഇത്തവണ പത്ത് ടിക്കറ്റ് എടുത്തിരുന്നു. തനിക്ക് ലോട്ടറി അടിച്ചത് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്നും 2019 ല്‍ ഒറ്റ നമ്പറിനാണ് തനിക്ക് ഭാഗ്യം പോയതെന്നും ദിനേശന്‍ പറയുന്നു.
കരുനാഗപ്പള്ളി സ്വദേശിയാണ് ദിനേശ്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ദിനേശ് കുമാര്‍ ലോട്ടറി എടുത്തത്. പൊന്നാടയും കിരീടവും അണിയിച്ചാണ് ദിനേശിനെ സ്വീകരിച്ചത്. കുടുംബസമേതമാണ് ദിനേശന്‍ കടയില്‍ എത്തിയത്.
Content Highlights: Pooja Bumber Winner Dinesh Kumar About his plans