ഷോക്കടിക്കുമോ?; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവിൽ തീരുമാനം ഇന്നുണ്ടായേക്കും

വൈദ്യുതി ഉപയോ​ഗം കൂടിയിരിക്കുന്ന വേനൽ കാലത്ത് സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യം സർക്കാ‍ർ അം​ഗീകരിച്ചേക്കില്ല

dot image

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും. വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട് വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് നേരത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു.

യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ വർദ്ധനവിനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോ​ഗിക്കുന്നവരെ നിരക്ക് വ‍ർദ്ധനവിൽ നിന്നും ഒഴിവാക്കും. അതോടൊപ്പം നിലവിൽ നൽകുന്ന സൗജന്യ വൈദുതിയുടെ ​ഗുണഭോക്താക്കളുടെ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.

വൈദ്യുതി നിരക്ക് വ‍‍ർദ്ധനവിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രം​ഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ഭാരമാകാത്ത നിലയിലുള്ള നിരക്ക് വ‍ർദ്ധനവിനാകും സർക്കാ‍ർ തയ്യാറാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. വൈദ്യുതി ഉപയോ​ഗം കൂടിയിരിക്കുന്ന വേനൽ കാലത്ത് സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യം അതിനാൽ തന്നെ സർക്കാ‍ർ അം​ഗീകരിച്ചേക്കില്ല. യൂണിറ്റിന് പത്ത് പൈസവീതം സമ്മർ താരിഫ് ഏ‍ർപ്പെടുത്തണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം ഡിസംബ‍ർ രണ്ടിന് വൈദ്യുതി വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും‌ ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Electricity bill set to increase in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us