മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഗവര്‍ണറെ കണ്ട് ഇക്കാര്യം ഉന്നയിക്കുന്നതില്‍ അടക്കം ഇന്ന് തീരുമാനമുണ്ടായേക്കും.
കഴിഞ്ഞ ദിവസം ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങളുടെ തുടക്കം. സത്യപ്രതിജ്ഞാ ചടങ്ങിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ബാല്‍ താക്കറെയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് ഷിന്‍ഡെ പ്രസംഗിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. പ്രസംഗത്തിൻ്റെ തുടര്‍ച്ചയായി മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയാന്‍ ആരംഭിച്ചതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു.
ശിവസേന സ്ഥാപകനായ ബാല്‍താക്കറേയെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്നാണ് പ്രസംഗത്തില്‍ ഷിന്‍ഡെ പരാമര്‍ശിച്ചത്. വേദിയിലുണ്ടായിരുന്ന അമിത് ഷായേയും പ്രധാനമന്ത്രിയേയും പുകഴ്ത്താനും ഷിന്‍ഡെ മറന്നില്ല. പ്രസംഗം കേട്ട് വൃഗവര്‍ണറും ഒന്ന് ഞെട്ടി. വേദിയിലെ മറ്റ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം വീണ്ടും ചൊല്ലിക്കൊടുക്കുകയായിരുന്നു.
സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്ന് വ്യതിചലിക്കുന്നത് സത്യപ്രതിജ്ഞയുടെ സാധുതയെ ചോദ്യം ചെയ്യാൻ അവസരമുണ്ടാക്കും. ഷിൻഡെ ഇത്തരം കീഴ്വഴക്കങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സത്യപ്രതിജ്ഞ സംബന്ധിച്ച കൃത്യമായ മാര്‍ഗരേഖ ഭരണഘടനയിലുണ്ട്.
Content Highlight: Eknath Shinde faces backlash after people including Governor criticized his oath