തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും അംഗത്വം സ്വീകരിക്കുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി. പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്നീട് പിന്മാറുകയും സരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഷാനിബും ഇപ്പോള്‍ തിരുവനന്തപുരത്താണ്. യോഗത്തിന് ശേഷം ഷാനിബിനെ സംഘടനയിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസുകാരനായി തന്നെ തുടരുകയെന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് തെറ്റില്‍ നിന്നും തെറ്റിലേക്ക് നിരന്തരം സഞ്ചരിക്കുകയാണ്. ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ് എന്നുപറഞ്ഞ് തുടരുന്നതുപോലും മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും ഷാനിബ് കുറിച്ചിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
വൈകാരികമായായിരുന്നു എ കെ ഷാനിബിന്റെ പടിയിറക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയര്‍ത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.
Content Highlights: Expelled Congress Leader A K Shanib Will Join DYFI