കടുത്തുരുത്തി: മോഷണം പതിവായതോടെ മോഷ്ടാക്കള്‍ക്ക് മുന്നറിയിപ്പ് ബോര്‍ഡ് വെച്ച് പഞ്ചായത്ത് അംഗം. കോട്ടയം കല്ലറ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ അരവിന്ദ് ശങ്കറിന്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ് ആണ് വൈറലാവുന്നത്. കഴിഞ്ഞ രണ്ടുമാസമായി പ്രദേശത്ത് മോഷണം പതിവായതോടെ പൊറുതി മുട്ടിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.
'രാത്രിയോ പകലോ ഇവിടത്തെ വീടുകളിലും കടകളിലും മോഷണം നടത്താമെന്ന കുത്സിതനീക്കവുമായി വരുന്നവര്‍ ഓര്‍ത്തുവെച്ചോ. കാര്യം സാധിച്ച് വെറുതേയങ്ങ് പോകാമെന്ന് വിചാരിക്കേണ്ട. നല്ല ഇല വെട്ടി വിളമ്പി പതിനാറു കറിയും ചേര്‍ത്ത് ഉരുള ആക്കി ഉരുട്ടി തീറ്റിച്ചിട്ടേ വിടൂ', എന്നാണ് ബോര്‍ഡിലുള്ളത്. എന്തായാലും കല്ലറ-കടുത്തുരുത്തി റോഡില്‍ കല്ലറ പഞ്ചായത്തിനടുത്തുള്ള എസ്ബിഐ ജംഗ്ഷന് സമീപം സ്ഥാപിച്ച ബോര്‍ഡ് ഇതിനകം വൈറലാണ്.
കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ നിന്നും കല്ലറയില്‍ പൊലീസ് എത്തണമെങ്കില്‍ 20 മുതല്‍ 30 മിനുറ്റ് വരെ എടുക്കും. രാത്രി പലവീടുകളിലും മോഷ്ടാക്കളും ശല്യം തുടര്‍ച്ചയായതോടെയാണ് ഒടുക്കം ബോര്‍ഡ് സ്ഥാപിച്ചത്.
കുടുംബശ്രീ അംഗങ്ങളേയും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരേയും ഉള്‍പ്പെടുത്തി ഒരു കൂട്ടായ്മ പ്രദേശത്ത് രൂപീകരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ അരവിന്ദ് ശങ്കര്‍ പറയുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കും. 50 അംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. സ്വയം പ്രതിരോധ മാര്‍ഗം, രാത്രികാല പട്രോളിംങ് തുടങ്ങി വിവിധ പരിശീലനവും ബോധവല്‍ക്കരണവും നല്‍കാനാണ് പദ്ധതി. ഇവര്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ ആരുപേരടങ്ങുന്ന ഒരു ടീം എന്ന നിലയില്‍ പ്രദേശത്ത് കാവല്‍ നില്‍ക്കും.
Content Highlights: Kaduthuruthy kallara Panchayath member put up a warning board for thieves