ദുരന്തനിവാരണ ഫണ്ടിൽ അവ്യക്തതയില്ല, കോടതിയിൽ കൃത്യമായ കണക്ക് നൽകും: മന്ത്രി കെ രാജൻ

ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ കോടതിയുടെ മുന്നിൽ ഹാജരായി കൃത്യമായ കണക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു

dot image

തൃശൂർ: സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തന്നെ കോടതിയിൽ കൃത്യമായി കണക്ക് നൽകുമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കോടതിയിൽ വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം തനിക്ക് അറിയില്ല എന്നും മന്ത്രി പറഞ്ഞു. സമയം കൂടുതൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്നും, അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്നും തനിക്കറിയില്ല. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ കോടതിയുടെ മുന്നിൽ ഹാജരായി കൃത്യമായ കണക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഫണ്ട് മാത്രം ദുന്തബാധിതർക്ക് മതിയാകില്ലെന്നും ചൂരൽമലക്ക് പ്രത്യേക പാക്കേജ് വേണമെന്നും മന്ത്രി പറഞ്ഞു. എസ്ഡിആർഎഫിന്റെ ഇപ്പോഴത്തെ മാനദണ്ഡം വെച്ച് തുക ചിലവാക്കാൻ ആകില്ല എന്നതാണ് പ്രശ്നം. കേരളം ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളിൽ മൂന്നും നടപ്പാക്കപ്പെട്ടിട്ടില്ല. എസ്ഡിആർഎഫ് ഫണ്ടിന്റെ മാനദണ്ഡം അനുസരിച്ചുള്ള പണം മാത്രമേ കേരളത്തിന് തരുകയുള്ളൂ എന്ന് കേന്ദ്രം പറയുകയാണെങ്കിൽ അപ്പോൾ കേരളം മറ്റ് വഴികൾ തേടുമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾക്കപ്പുറത്ത് ചൂരൽമലയിലെ ആളുകളുടെ കണ്ണീര് തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരും. അത് നൽകുമോ എന്നതാണ് കേന്ദ്രം പറയേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ്ബുക്കിലുണ്ടാവും എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

അടിയന്തിര ആവശ്യത്തിന് ഇതില്‍ എത്ര രൂപ ചെലവഴിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ ഫണ്ടില്‍ വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനോട് കോടതി മുഖം തിരിച്ചു. സാധ്യമായ എല്ലാ സമയവും നല്‍കി, ഇനിയും സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നൽകുകയും ചെയ്തു. 677 കോടി രൂപ ദുരന്തം നേരിടാന്‍ മതിയായ ഫണ്ടല്ലെന്ന് അമികസ് ക്യൂറി കോടതിയിയിൽ മറുപടി നൽകിയപ്പോൾ അത് തങ്ങൾക്ക് ബോധ്യമുണ്ടെന്നും ഹൈക്കോടതിയുടെ മറുപടി നൽകി.

Content Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us