തിരുവനന്തപുരം: റേഷൻ കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൃത്യമായ തൂക്കത്തിലും അളവിലും ലഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തി ഉറപ്പാക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തേക്കെത്തുന്ന ഗുണഭോക്താകളുടെ സഞ്ചി പരിശോധിച്ച് ഉറപ്പ് വരുത്താനാണ് ഭക്ഷ്യപൊതുവിതരണ കമ്മീഷണറുടെ നിർദേശം. ഇതിൻ്റെ ഭാഗമായി ഭവന സന്ദർശനം നടത്തിയും റേഷൻ സാധനങ്ങൾ കിട്ടുന്നുണ്ടോ എന്ന് കണ്ടെത്താനും സംവിധാനങ്ങൾ ഉണ്ടാകും. പ്രതിമാസം കുറഞ്ഞത് 5 കടകളിലെങ്കിലും താലൂക്ക് സപ്ലൈ ഓഫിസർ (ടിഎസ്ഒ), റേഷനിങ് ഓഫിസർ (ആർഒ), റേഷനിങ് ഇൻസ്പെക്ടർ (ആർഐ) എന്നിവർ പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫിസർമാർക്കു റിപ്പോർട്ട് നൽകണമെന്നാണ് തീരുമാനം. വിജിലൻസ് ആവശ്യപ്പെട്ടത് പ്രകാരമാണു നിർദേശമെന്ന് കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കി. റിപ്പോർട്ടുകൾ എല്ലാ മാസവും ലഭിക്കുന്നുണ്ടോ എന്ന് ഡെപ്യൂട്ടി കൺട്രോൾ ഓഫ് റേഷനിങ് ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
മറുവശത്ത് പുതിയ ഉറപ്പാക്കൽ പ്രക്രിയ്ക്ക് എതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്. ഗുണഭോക്താക്കളുടെ തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാൻ സാധിക്കില്ലായെന്നും ഏതെങ്കിലും തരത്തിൽ ഗുണഭോക്താകൾ ഭക്ഷ്യസാധൻങ്ങൾ തമ്മിൽ കൈമാറിയാൽ അതിൻ്റെ ബാധ്യത തങ്ങൾക്ക് ഏറ്റെടുക്കാനാകില്ലായെന്നും വ്യാപാരി സംഘടനകൾ അറിയിച്ചു.
content highlight- 'Is the amount and weight of the ration correct?' New decision to conduct bag check of beneficiaries