
തിരുവനന്തപുരം: 2023 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് ഷാജി എന്‍ കരുണ്‍.
2022ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രന്‍, ഗായിക ചിത്ര, നടന്‍ വിജയരാഘവന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍ കരുണ്‍ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സര്‍ഗാത്മക ഊര്‍ജം പകര്‍ന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.
1952 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദവും പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1988 ല്‍ പുറത്തിറങ്ങിയ പിറവിയാണ് ആദ്യ സംവിധാന സംരംഭം. സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക്, സ്വപാനം, ഓള് തുടങ്ങിയ ചിത്രങ്ങളാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. ഇതിന് പുറമേ നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഷാജി എന്‍ കരുണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
Content Highlights- director shaji n karun get j c daniel award