തിരുവനന്തപുരം: നേതൃമാറ്റ ചര്‍ച്ചകളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരട്ട പദവി പ്രശ്‌നമല്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അപ്രസക്തമാണ്. തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസിൻ്റെ യുവാക്കള്‍ അതൃപ്തരല്ല. എല്ലാ മേഖലകളിലും യുവാക്കളെ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ഇരട്ടപദവി വഹിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.
അതേസമയം കെപിസിസിയില്‍ അഴിച്ചുപണി നടത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്ന വാദങ്ങള്‍ക്കൊപ്പം എതിരഭിപ്രായങ്ങളും സജീവമാണ്. എന്നാല്‍ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ഹൈക്കമാന്‍ഡിന്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചര്‍ച്ചകള്‍ക്ക് കെ സി വേണുഗോപാല്‍ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയത് ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. കൂടുതല്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തും. അതേസമിയം അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍.
അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമായി പുരോഗമിക്കുകയാണ്.
സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോണ്‍ പുതിയ അധ്യക്ഷസ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ മുന്നിലാണ്. യൂത്ത്‌കോണ്‍ഗ്രസിനെ നയിച്ച ഡീന്‍ കുര്യാക്കോസും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പേരാണ്. പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹ്‌നാന്‍ എന്നിവരും സാമുദായിക പരിഗണന വച്ച് ചര്‍ച്ചകളിലുണ്ട്.
Content Highlight: Rahul Mamkoottathil says will continue as youth congress president