ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 44 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അജ്ഞാത ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടികളെ സ്‌കൂളില്‍ നിന്നും തിരിച്ചയച്ചു. മദര്‍ മേരി സ്‌കൂള്‍, ബ്രിട്ടീഷ് സ്‌കൂള്‍, സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍, കാംബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
'സ്‌കൂള്‍ ബില്‍ഡിങ്ങില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി ഒളിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് ബോംബുകള്‍ കാര്യമായ തകരാര്‍ ഉണ്ടാക്കില്ല പക്ഷേ അവ പൊട്ടിത്തെറിച്ചാല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കും. 30000 ഡോളര്‍ (26 ലക്ഷം) ലഭിച്ചില്ലെങ്കില്‍ ആ ബോംബുകള്‍ ഞാന്‍ പൊട്ടിക്കും', എന്നായിരുന്നു ഇ-മെയിലിലെ പരാമര്‍ശം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡും അഗ്നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
പരിശോധന പുരോഗമിക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നേരത്തെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു, ഒക്ടോബര്‍ 21ന് തമിഴ്‌നാട്ടിലെ സിആര്‍പിഎഫ് സ്‌കൂളിലായിരുന്നു ആദ്യം ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
Content Highlight: 40 schools received death threat in Newdelhi via email