കണ്ണൂർ: സിപിഐഎം നേതാവ് ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവ്. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഇ പി ജയരാജനുമായി ബിജെപി പ്രവേശന ചർച്ചക്കായി കൂടിക്കാഴ്ച നടത്തി എന്ന ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ ഇ പി മാനനഷ്ട കേസ് നൽകിയിരുന്നു. പ്രകാശ് ജാവദേക്കറുമായുള്ള ഇ പി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയുടെ ചുവട് പിടിച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം. ഈ പരാമർശം തള്ളിക്കൊണ്ട് ദല്ലാൾ ടി ജി നന്ദകുമാറും രംഗത്തുവന്നിരുന്നു. ശോഭ സുരേന്ദ്രനുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറയുന്നത് മുഴുവൻ തട്ടിപ്പും അസംബന്ധവുമാണെന്നും ടി ജി നന്ദകുമാർ പറഞ്ഞിരുന്നു.
ഇതിനിടെ മജിസ്ട്രേറ്റ് കോടതി നടപടികൾ വൈകുന്നതിനെതിരെ ഇ പി ജയരാജൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംഭവത്തിൽ ശോഭയ്ക്ക് പുറമെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയും ഇ പി വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ഇ പി ജയരാജനുമായി പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടത്തിയതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ആക്കുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു വിവാദ കൂടിക്കാഴ്ച. തത്ഫലമായി ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
Content Highlights: Sobha Surendran to get court notice on EP Jayarajans defamation case