സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്; എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്നാണ് സിഎംആര്‍എലിൻ്റെ വാദം

dot image

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്നാണ് സിഎംആര്‍എലിൻ്റെ വാദം.

ആദായനികുതി സെറ്റില്‍മെൻ്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്. ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്നുമാണ് സിഎംആര്‍എല്‍ ഉന്നയിച്ച വാദങ്ങള്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഷോണ്‍ ജോര്‍ജ്ജെന്നുമാണ് സിഎംആര്‍എലിന്റെ വാദം. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്എഫ്ഐഒ നല്‍കിയ മറുപടി സത്യവാങ്മൂലം. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രൊസിക്യൂഷന്‍ ആവശ്യമാണോ എന്നതില്‍ തീരുമാനമെടുക്കാനാവൂ എന്നുമാണ് എസ്എഫ്ഐഒ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ്റെ മൊഴി എസ്എഫ്‌ഐഒ നേരത്തെ രേഖപ്പെടുത്തിയിരുന്നു. മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി സിഎംആ‍ർഎൽ പണം നൽകിയെന്നാണ് ആരോപണം. സിഎംആ‍ർഎല്ലിന് വഴിവിട്ട സഹായം നൽകാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴൽനാടനും ഷോൺ ജോർജും ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് വഴിവെച്ചു. പണമിടപാട് അന്വേഷിക്കാൻ ജനുവരി 31 നാണ് എസ്എഫ്ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്എഫ്ഐഒയും അന്വേഷണം ആരംഭിച്ചത്.

എക്സാലോജിക്-സിഎംആ‍ർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി ആ‍ർഒസി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നായിരുന്നു കണ്ടെത്തൽ. തുട‍ർന്നാണ് അന്വേഷണം എസ്എഫ്ഐഒക്ക് കൈമാറിയത്. എട്ട് മാസത്തിനകം അന്വേഷണം പൂ‍ർത്തിയാക്കാനായിരുന്നു നിർ‌ദ്ദേശം. മാസപ്പടി കേസിൽ സിഎംആർഎല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എസ്എഫ്ഐഒയ്ക്ക് ആണ് കോടതി അനുമതി നല്കിയത്. അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. സിഎംആർഎല്ലിൻ്റെ മൂന്ന് ഡയറക്ടർമാർ ഉൾപ്പെടെ എട്ട് പേർക്ക് എസ്എഫ്ഐഒ നല്കിയ സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

Content Highlights: The Delhi High Court will hear the plea against the SFIO probe today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us