തിരുവനന്തപുരം: പോത്തന്‍കോട് കൊല്ലപ്പെട്ട വയോധിക ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വയോധികയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവ് കണ്ടെത്തി. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 69കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൗഫീഖിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ ഷര്‍ട്ടിടാതെ നിന്നത് വയോധിക ചോദ്യം ചെയ്‌തെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസ് നേരത്തേ വ്യക്തമാക്കിയത്.
കൊലപാതകത്തിന് ശേഷം തൗഫീഖ് വയോധികയുടെ കമ്മല്‍ ഊരിയെടുത്തിരുന്നു. വയോധികയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തില്‍ പുതപ്പിച്ച ശേഷമാണ് ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Content Highlights- postmortem report of woman killed in pothencode out