പാലക്കാട്: ഒരുമിച്ച് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പനയമ്പാട് സിമൻ്റ് ലോറി പാഞ്ഞ് കയറി മരിച്ച കൂട്ടുകാരികളെ ഒരുമിച്ച് ഖബറടക്കും. തുപ്പനാട് ജുമാമസ്ജിദിലാണ് ഇവരെ ഖബറടക്കുക. നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ ആറരയോടെ വിദ്യാർത്ഥികളുടെ വീട്ടിലേയ്ക്ക് എത്തിച്ചു. വിദ്യാർത്ഥികൾ പഠിച്ച സ്കൂളിൽ പൊതുദർശനം ഉണ്ടാകില്ല. വീടുകളിൽ നിന്നും നാലുപേരുടെയും മൃതദേഹങ്ങൾ രാവിലെ 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് എത്തിക്കും. പൊതുദർശനത്തിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ നാല് പേരുടെയും മൃതദേഹം തുപ്പനാട് ജുമാമസ്ജിദിൽ ഖബറടക്കും. നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവർ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാല് വിദ്യാർത്ഥിനികളും അതിദാരുണമായി അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന വഴി സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.
വളരെ സാധാരണക്കാരായ കുടുംബങ്ങളിൽപ്പെട്ട കുട്ടികളാണ് മരിച്ച നാല് വിദ്യാർത്ഥിനികളും. അപകടം നടന്നതിന് സമീപം പലചരക്കുകട നടത്തുന്ന ഷറഫുദ്ദീൻ്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. സ്കൂൾ കലോത്സവത്തിലെ തിളങ്ങും താരമായിരുന്നു ആയിഷ. സബ്ജില്ല സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന ടീമിൻ്റെ മണവാട്ടി കൂടിയായിരുന്നു ആയിഷ. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന റഫീഖിൻ്റെ മൂത്തമകളാണ് മരിച്ച റിദഫാത്തിമ. റിദയ്ക്ക് ഒരു സഹോദരനും സഹോദരിയുമാണുള്ളത്. ഇർഫാന ഷെറിൻ അബ്ദുൾ സലാമിൻ്റെ മൂന്നുമക്കളിൽ മൂത്തയാളായിരുന്നു. നാട്ടിൽ സ്വന്തമായി പൊടിമില്ല് നടത്തി വരികയാണ് അബ്ദുൾ സലാം. അപകടത്തിൽ മരിച്ച നിദ ഫാത്തിമയുടെ പിതാവ് അബ്ദുൾ സലീം പ്രവാസിയായിരുന്നു. ഇപ്പോൾ നാട്ടിലുള്ള അബ്ദുൾ സലീമിൻ്റെ രണ്ട് മക്കളിൽ ഏകമകളാണ് നിദ ഫാത്തിമ.
Content Highlights: The friends who died in the panayampadam accident will be buried together