തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ചില ആചാരപരമായ ചടങ്ങുകൾക്ക് പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാനുള്ള സർക്കാരിൻ്റെ തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായ മുൻ ദേവസ്വം മന്ത്രി വി എസ് ശിവകുമാർ. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഇത്തരമൊരു നിർദേശമുണ്ടായപ്പോൾ ആചാരങ്ങളിൽ മാറ്റം പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ച് വിമാന സർവീസ് വരെ നിർത്തിവെക്കുന്നതിനാൽ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ടുചടങ്ങുകൾക്കു നൽകിവരുന്ന ഗാർഡ് ഓഫ് ഓണർ അനുവദിക്കുന്നില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും, ഇതു വിശ്വാസിസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ശിവകുമാർ പറഞ്ഞു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉൾപ്പടെയുള്ള ചില പ്രമുഖ ക്ഷേത്രങ്ങളിലെ പ്രത്യേക ചടങ്ങുകളിൽ പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇനി ഗാർഡ് ഓഫ് ഓണർ തുടരണമെന്ന് നിർബന്ധമാണെങ്കിൽ അതിൻ്റെ ചിലവുകൾ ക്ഷേത്രങ്ങൾ വഹിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. രാജഭരണ കാലം മുതലുള്ള ആചാരമാണ് നിർത്തലാക്കുന്നത്.
content highlight- VS Shivakumar said that guard of honor in temples should not be abolished