തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വില്‍ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ചോര്‍ത്തലുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
എന്തുചെയ്തും പണം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരില്‍ നിന്ന് പരീക്ഷകളെ രക്ഷിക്കാന്‍ ബദല്‍ വഴികള്‍ ആരായാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ അറിവ് അളക്കാന്‍ ഉതകുന്ന പരീക്ഷ സമ്പ്രദായങ്ങള്‍ കണ്ടെത്തണം. ഈ ദിശയില്‍ ആദ്യത്തെ നിര്‍ദ്ദേശം മുന്‍വച്ചത് 1970 കളുടെ രണ്ടാം പകുതിയില്‍ എഐഎസ്എഫ് ആയിരുന്നു. ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് സമ്പ്രദായം, ഉത്തര പേപ്പര്‍ മടക്കിക്കൊടുക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ അന്ന് എഐഎസ്എഫ് ആദ്യമായി മുന്നോട്ടുവച്ചു. അതുപോലെയുള്ള നവീന ആശയങ്ങളിലൂടെ പരീക്ഷകളെ മാനഭംഗപ്പെടുത്തുന്ന ഗൂഢ സംഘത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ കഴിയണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്തുമസ് അര്‍ധ വാര്‍ഷിക പരീക്ഷ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നത്. സംഭവത്തില്‍ നാളെ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരും. ഇത്തരം അധ്യാപകര്‍ക്കുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്യും.
ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ വിതരണം ചെയ്യുന്നത് വരെ എവിടെയാണ് സുരക്ഷ വീഴ്ച സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ശമ്പളംപറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എഇഒ ഡിഇഒ മാര്‍ക്ക് നിര്‍ദേശംനല്‍കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Content Highlights:question paper Leak cpi seeks action