യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി എസ്എഫ്ഐ

മർദ്ദനമേറ്റ വിദ്യാർത്ഥി നടത്തുന്ന നിയമ പോരാട്ടത്തിനൊപ്പമാണ് എസ്എഫ്ഐയെന്നും ഇവർക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്എഫ്ഐ അറിയിച്ചു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിലെ പ്രതികളായ നാല് വിദ്യാർത്ഥികളെ പുറത്താക്കി എസ്എഫ്ഐ. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥി നടത്തുന്ന നിയമ പോരാട്ടത്തിനൊപ്പമാണ് എസ്എഫ്ഐയെന്നും ഇവർക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്എഫ്ഐ അറിയിച്ചു. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിക്ക് കഴിഞ്ഞദിവസമാണ് എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരേയുമാണ് കേസെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാളയത്തെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ക്രൂരമായി വിചാരണ നടത്തിയെന്നാണ് മ്യൂസിയം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ചെവിക്കാണ് പരിക്കേറ്റത്. ജാതി വിളിച്ച് അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും വിദ്യാര്‍ഥി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'യൂണിറ്റ് കമ്മിറ്റി അംഗം ആകാശ്, ആദില്‍, അഭിജിത്ത്, കൃപേഷ്, അമീഷ് എം ഷാജി എന്നിവരാണ് ഉപദ്രവിച്ചത്. ആദില്‍ എന്നെ മര്‍ദ്ദിച്ചു. നന്നായി ഉപദ്രവിച്ചു. കവിളത്തും വയറ്റിലുമൊക്കെ ഇടിച്ചു. അതിന് ശേഷമാണ് ജാതി പറഞ്ഞുള്ള അതിക്രമം. ലക്ഷദ്വീപില്‍ നിന്നുള്ളയാളാണ് ഞാന്‍. യൂണിറ്റ് കമ്മിറ്റിക്കെതിരെ നില്‍ക്കാന്‍ പാടില്ല. ഇത് കേരളമാണ്. യൂണിവേഴ്സിറ്റി കോളേജില്‍ വേറെ നിയമമാണ്. അതിനെതിരെ നില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് ഇടിച്ചത്', വിദ്യാര്‍ത്ഥി പറഞ്ഞു.

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനാണ്. നേരത്തെ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ അനസിന്റെ സുഹൃത്ത് കൂടിയാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി. ഇതു കൂടിയാവാം മര്‍ദ്ദിച്ചതിന്റെ കാരണമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

content highlight- Student assaulted in university hostel; SFI expelled accused students

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us