കൊച്ചി: നടന്‍ ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിശദീകരണം നല്‍കിയേക്കും. വിഐപി ദര്‍ശനത്തില്‍ സ്വീകരിച്ച തിരുത്തല്‍ നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കും.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ജി പരിഗണനയ്ക്കെടുത്ത ദേവസ്വം ബെഞ്ച് കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവതരമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇത്തരം ആളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ എന്താണ് കാരണം. നടന്‍ ദിലീപിന്റെയും സംഘത്തിന്റെയും വിഐപി ദര്‍ശന സമയത്ത് മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നുമായിരുന്നു ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ നിരീക്ഷണം.
ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിലാണ്. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന് മുറി നൽകിയത്. പണം വാങ്ങാതെയാണ് മുറി അനുവദിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നു. ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നൽകിയത്. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവൻ സമയവും ദിലീപും സംഘവും ദർശനം തേടി. ഈ സമയത്ത് ദർശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ തടഞ്ഞത് വലിയ വിവാദമായിരുന്നു.
Content Highlights: Dileeps VIP Darshan petition at highcourt today