തിരുവനന്തപുരം: മെക് സെവൻ ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള വ്യായാമ കൂട്ടായ്മയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ വിവാദം ഉണ്ടാക്കിയ സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വസ്തുതകൾ പരിശോധിക്കാതെ അനാവശ്യ കള്ളപ്രചാരണം നടത്തി സ്പർധ വളർത്താനുള്ള നീക്കമാണ് മോഹനൻ നടത്തിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇസ്ലാമോഫോബിയ വളർത്താനുള്ള നീക്കത്തിൽ നിന്നും മാർക്സിസ്റ്റ് പാർട്ടി പിന്തിരിയണം. പി മോഹനനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
വൈദ്യുതി ചാർജ് വർധനവിനെതിരെയും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണകൂടം കടുംവെട്ട് നടത്തുന്നു. കെഎസ്ഇബി നടത്തുന്നത് പകൽ കൊള്ളയാണ്. ദീർഘകാല കരാർ റദ്ദാക്കിയത് നിരക്ക് വർധനവിനിടയാക്കി. സ്വകാര്യസ്ഥാപനങ്ങൾക്ക് വേണ്ടിയാണ് കരാർ റദ്ദാക്കിയതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബി ഓ ടി കരാർ നീട്ടി നൽകാനുള്ള നീക്കം തമിഴ്നാട്ടിലെ ഒരു വ്യവസായിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മണിയാർ പദ്ധതി നീട്ടി നൽകിയാൽ മറ്റു പദ്ധതികൾക്കും കരാർ നൽകേണ്ടിവരും. കമ്പനിക്ക് നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിയെയാണ് സമീപിക്കേണ്ടത്. മണിയാർ പദ്ധതി കരാർ നീട്ടാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിലപാടിൽ ഉറച്ചു നിൽക്കുമോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മണിയാർ കരാർ നീട്ടരുതെന്നാണ് വെെദ്യുതി വകുപ്പിൻറെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlight :Mec Seven controversy: Ramesh Chennithala wants to file a case against P Mohanan