വിനീതിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി, വയനാട്ടിലേക്ക് കൊണ്ടുപോകും

മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്

dot image

മലപ്പുറം: അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വിനീതിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.

മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷമായിരുന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തകരിച്ചത്. വിനീതിന്റെ മരണത്തില്‍ അരീക്കോട് എസ്ഒജി ക്യാമ്പില്‍ നോര്‍ത്ത് സോണ്‍ ഐജി സേതുരാമന്‍ പരിശോധന നടത്തുകയാണ്. എസ്ഒജി എസ്പി ഫറാഷിന്റെ സാന്നിധ്യത്തിലാണ് പരിശോധന. വിനീതിന്റേതായി പുറത്തുവന്ന വാട്സ് ആപ്പ് സന്ദേശം വലിയ വിവാദങ്ങളിലേക്കാണ് വഴിവെക്കുന്നത്. വിനീത് ക്യാമ്പില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം.

മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും ചിലര്‍ ചതിച്ചുവെന്നും പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് പറയുന്നുണ്ട്.

വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ, ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: sog Commando postmortem is complete

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us