കോതമംഗലം: കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിൻ്റെ മൃതദേഹം സംസ്കരിച്ചു. ചേലാട് കുറുമറ്റം മാർത്തോമ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. എൽദോസിന്റെ അച്ഛനും അമ്മയും സഹോദരിയും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകളാണ് കുറുമറ്റത്തെ സെമിത്തേരിയിൽ എത്തിയത്.
ക്രിസ്മസിന് മകൻ ഒപ്പമുണ്ടാകുമെന്ന അമ്മയുടെ ആഗ്രഹം സഫലീകരിക്കാതെയാണ് എൽദോസ് വിടവാങ്ങിയത്. കുടുംബത്തോടൊപ്പം ഒന്നിച്ച് ചിലവഴിക്കാൻ പറയാതെ എത്തിയതായിരുന്നു ആ മനുഷ്യൻ. ഇന്ന് ആ വീട്ടുമുറ്റത്ത് എൽദോസിന്റെ ജീവനറ്റ ശരീരമെത്തിച്ചപ്പോൾ അമ്മയും സഹോദരിയും വാവിട്ടുകരയുന്നുണ്ടായിരുന്നു.
രാത്രിയിൽ ബസിറങ്ങി വീട്ടിലേക്ക് തിടുക്കത്തിൽ നടന്നത് കാട്ടാനയുടെ മുന്നിലേക്കായിരുന്നുവെന്ന് ആ സമയത്ത് എൽദോസ് കരുതിയില്ല. അധികാരികളുടെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ എൽദോസിന് കുട്ടമ്പുഴക്കാർ കണ്ണീരോടെ വിട നൽകി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഏക മകൻ. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞു വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോതമംഗലം മാർത്തോമ പള്ളിയിലെത്തിച്ചത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു എൽദോസ്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന എൽദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചിന്നിചിതറിയ നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം അഞ്ചു മണിയോടെ എൽദോസിന്റെ സംസ്കാരം പൂർത്തിയായി. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ കുറുമറ്റത്തെ സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി. അവിടെയും സഹോദരി വാവിട്ടു കരഞ്ഞു. അവസാനമായി ഒരു നോക്ക് കണ്ടു മനസ്സും ശരീരവും തളർന്ന് അവർ മാറിയിരുന്നു.
content highlight- Locals bid farewell to Eldos and cremated the dead body of Eldos who died in a elephant attack