കൽപ്പറ്റ:റോഡിലൂടെ വലിച്ചിഴക്കപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദിവാസി യുവാവ് മാതനെ സന്ദർശിച്ച് മന്ത്രി ഒ ആർ കേളു. പരിക്കുകളെ കുറിച്ച് മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് മാതന് നേരെ ആക്രമണമുണ്ടായത്. അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയത്.
മാതനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തതായി മന്ത്രി ഒ ആർ കേളു പറഞ്ഞു. വാഹനം ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുളളത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മാതൻ അപകടനില തരണം ചെയ്തു. പക്ഷേ പിൻ ഭാഗത്ത് കാര്യമായ പരിക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
മാനന്തവാടി പുൽപള്ളി റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. KL 52 H 8733 എന്ന കാറില്‍ എത്തിയ സംഘം മാതനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.
ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടു പോയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ട്. ആബുലൻസ് വിളിച്ച സമയത്ത് ബോഡി എടുക്കുന്നില്ലെന്നാണ് പറഞ്ഞത്. പിന്നീട് ബോഡി എടുക്കുന്ന സമയത്ത് ആബുലൻസ് വെറൊരു രോഗിയുമായി തിരുനെല്ലി ഭാഗത്തേയ്ക്ക് പോയി. മൂന്നു മണി ആയപ്പോളാണ് ബോഡി എടുക്കുന്ന കാര്യം അറിയിച്ചത്. പ്രെമോട്ടറോട് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. നിന്റെ ജോലി തെറിപ്പിക്കും എന്ന് പറയുന്നതടക്കം വീഡിയോയിൽ ഉണ്ട്. മറ്റ് ആംബുലൻസുകൾ ഉപയോഗപ്പെടുത്താതെ ഓട്ടോറിക്ഷ വിളിച്ച് കൊണ്ടു പേയത് സംശയാസ്പദമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു.
Content Highlights: Minister OR Kelu Visit Maathan, Who attacked by youngsters at Wayanad, Mananthavady