'നവീനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ഹർജി, അതോടെ ദിവ്യ കുറ്റവിമുക്തയാകുകയാണ്': എം വി ജയരാജൻ

ദിവ്യയുടെ പേരിലുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി

dot image

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്. അതിന്റെ മറ്റൊരര്‍ത്ഥം പി പി ദിവ്യ കുറ്റക്കാരി അല്ലെന്ന് ഹര്‍ജിക്കാരി തന്നെ പറയുന്നു എന്നാണെന്നും എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു എം വി ജയരാജന്റെ പ്രതികരണം.

ദിവ്യയുടെ പേരിലുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ദിവ്യക്കെതിരെ ഇതുവരെ കൊന്നു കെട്ടിത്തൂക്കി എന്ന ആരോപണം ഉയര്‍ന്നിട്ടില്ല. കൊലപാതകമാണെങ്കില്‍ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം നടക്കണം. സിബിഐ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

നവീന്‍ ബാബുവിനെ തങ്ങള്‍ക്കറിയുന്നതു പോലെ മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. കൈക്കൂലി വാങ്ങാത്തതാണ് നവീന്‍ ബാബുവിന്റെ ചരിത്രം. എന്നാല്‍ ഉയര്‍ന്നുവന്ന ആരോപണം കൈക്കൂലി വാങ്ങിയെന്നാണ്. അതിന്റെ സത്യം എന്താണെന്ന് തങ്ങള്‍ക്കറിയില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം ശരിയായില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

യാത്രയപ്പ് ചടങ്ങില്‍ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Content Highlights- Cpim leader m v jayarajan support to p p divya on naveen babu death case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us