വീണ്ടും ചോദ്യപേപ്പർ ചോർച്ച?; പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻസിലെന്ന് സംശയം

ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ എംഎസ് സൊല്യൂഷൻസ് പണം ആവശ്യപ്പെടുന്നതായും കെഎസ്‌യു ആരോപിച്ചു

dot image

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യപേപ്പർ ചോർന്നതായി സംശയം. ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്. ആകെ 40 മാർക്കിൻ്റ ചോദ്യങ്ങളിൽ 32 മാർക്കിൻ്റ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നതായാണ് ആരോപണം. കെഎസ്‌യു ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേപടിയുള്ള ചോദ്യങ്ങൾ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നിരിക്കുന്നത്. ഇത്തരത്തിൽ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ എംഎസ് സൊല്യൂഷൻസ് പണം ആവശ്യപ്പെടുന്നതായും കെഎസ്‌യു ആരോപിച്ചു. ഈ പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് എംഎസ് സൊല്യൂഷൻസിന്റെ വാദം. എത്ര കുട്ടികൾ ഇത്തരത്തിൽ പണം നൽകി ചോദ്യങ്ങൾ വാങ്ങി എന്നതടക്കം അന്വേഷണം നടക്കേണ്ടതുണ്ടെന്നും കെഎസ്‌യു പറയുന്നു.

പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ നേരത്തെ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നിരുന്നു. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ വന്നത്. തുടർന്ന് എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ നിയമപരമായ എല്ലാ വശങ്ങളിലൂടെ അന്വേഷണം നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മറ്റു ചില പ്ലാറ്റ്ഫോമുകളിൽ നിന്ന് ചോദ്യങ്ങൾ ചോർന്നിട്ടുണ്ട്. അതും അന്വേഷണ പരിധിയിൽ വരും. വിദ്യാഭ്യാസ വകുപ്പിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlights: Question paper leaked again by MS Solutions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us