കൊച്ചി മെട്രോ സ്‌റ്റേഷൻ നിർമാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം; അന്വേഷണം

ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയപ്പോള്‍ അഹമ്മദ്, ഹിറ്റാച്ചിക്കും ലോറിക്കും ഇടയില്‍പ്പെടുകയായിരുന്നു

dot image

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്. കൊച്ചി മെട്രോ കാക്കനാട് സ്‌റ്റേഷന്റെ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറായിരുന്നു അഹമ്മദ് നൂര്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യാനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ്. ഇതിനിടെ അഹമ്മദ് ലോറിയില്‍ നിന്ന് പുറത്തിറങ്ങി. ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയപ്പോള്‍ അഹമ്മദ്, ഹിറ്റാച്ചിക്കും ലോറിക്കും ഇടയില്‍പ്പെടുകയായിരുന്നു. അഹമ്മദ് സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം കെഎംആര്‍എല്‍ നല്‍കും. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടം ഉണ്ടായ സാഹചര്യത്തില്‍ വര്‍ക്ക് സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രൊജക്ട് വിഭാഗം ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights- lorry driver dies of hit hitachi in kochi metro site in kakkanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us