തിരുവനന്തപുരം: ക്രിസ്മസ് അവധി വരാനിരിക്കെ യാത്രക്കാരോട് റെയില്‍വേയുടെ ക്രൂരത. കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സര്‍വീസ് 26, 28 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള സര്‍വീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് റെയില്‍വേ അറിയിപ്പ് പുറത്തിറക്കി.
മംഗളൂരുവില്‍ നിന്ന് വൈകിട്ട് 7.30 ന് പുറപ്പെടുന്ന 06041 നമ്പര്‍ ട്രെയിനാണ് 26, 28 തീയതികളില്‍ റദ്ദാക്കിയത്. കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് 6.40 ന് പുറപ്പെടുന്ന 06042 നമ്പര്‍ ട്രെയിന്‍ 27, 29 തീയതികളിലും റദ്ദാക്കി. കേരളത്തിനുള്ളിൽ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമായ സര്‍വീസായിരുന്നു ഇത്. ക്രിസ്മസ് അവധി വരാനിരിക്കെ റെയില്‍വേയുടെ നടപടി നിരവധി യാത്രക്കാരെ വലയ്ക്കും.
മംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയില്‍ നിന്ന് വെള്ളി, ഞായര്‍ ദിവസങ്ങളിലുമായതിനാല്‍ ഏറെ ജനപ്രിയ സര്‍വീസായി ഇത് മാറിയിരുന്നു. വൈകിട്ട് 5.30 ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാല്‍ മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഇല്ലെന്ന പ്രശ്‌നത്തിന് പരിഹാരമായിരുന്നു രാത്രി 7.30 ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍. ഇത് പ്രതിദിന സര്‍വീസ് ആക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
Content Highlights- Southern Railway announces cancellation of kochuveli Mangaluru special train