
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരായത്. കേസില്‍ രണ്ടാം പ്രതിയാണ് മുന്‍മന്ത്രിയായ ആന്റണി രാജു. ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. എംപി-എംഎല്‍എ കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിശദമായ ഹര്‍ജി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. തിങ്കളാഴ്ച കോടതിമാറ്റത്തിലും തീരുമാനമുണ്ടായേക്കും.
അഭിഭാഷകനായിരിക്കെ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം വെട്ടി ചെറുതാക്കി തയ്ച്ച് തെളിവു നശിപ്പിക്കുന്ന വിധത്തിൽ ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം.
Content Highlights: Anthony Raju appeared in the court in Thondimutal case